Pages

Wednesday, February 20, 2013

എന്റെ മന്താരക്കാവ്...: എന്റെ പ്രണയം

എന്റെ മന്താരക്കാവ്...: എന്റെ പ്രണയം:   എന്റെ പ്രണയം  നീ ഇന്നെവിടെയാണ്‌...? ഒന്നെനിക്കറിയാം എന്നില്‍ നിന്നും ഒത്തിരി അകലെയാണ് നീ.. ഇടറിയ ശബ്ദത്തില്‍ ഞാന്‍ നല...

Monday, February 18, 2013

എന്റെ മന്താരക്കാവ്...: മയില്‍‌പ്പീലി

എന്റെ മന്താരക്കാവ്...: മയില്‍‌പ്പീലി:                                       ഇന്ന് ഈ പൂജാമുറിയില്‍ നില്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ പത്ത് വര്‍ഷം പിന്നിലേക്ക് പിടിച്ച് വലിക്കു...

Tuesday, February 12, 2013

മയില്‍‌പ്പീലി

                                     ഇന്ന് ഈ പൂജാമുറിയില്‍ നില്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ പത്ത് വര്‍ഷം പിന്നിലേക്ക് പിടിച്ച് വലിക്കുന്നത് പോലെ തോന്നുന്നു .. അവ്യക്തമെങ്കിലും നിന്‍റെ  മുഖം മനസ്സില്‍ ഇപ്പോഴും കടന്നു വരാറുണ്ട് . ആരെന്നോ ഏതെന്നോ അറിയില്ല.ഉത്തരമറിയാത്ത ഈ ചോദ്യങ്ങള്‍ പോലെ ചുരുളഴിയാത്ത ഏതോ മുജ്ജന്മ ബന്ധത്തിന്‍റെ കെട്ടുപാടുകള്‍ എവിടെയൊക്കെയോ വേദനകള്‍ക്കൊപ്പം അല്പം പ്രതീക്ഷകളും നല്‍കുന്നുണ്ട് .   അറിയുന്നത് ഒരു പേര് മാത്രം.  ഹരി .... നിന്നെ ഓര്‍ക്കുമ്പോള്‍ ഒരായിരം മയില്‍പ്പീലികള്‍ മനസ്സില്‍ വന്നു നിറയും . മറ്റൊന്ന് ഇന്നും നിന്‍റെ മയില്‍പ്പീലികള്‍ എന്‍റെ പൂജാമുറിയില്‍ ഭദ്രമായ്‌ ഉണ്ട് എന്നതാണ് .ഏതോ ഒരു നിയോഗം പോലെ നിന്നെ ആദ്യമായ് കണ്ടത് പഴനിമല മുരുകന്‍റെ സവിധത്തില്‍ വെച്ചാണ് . ഒരുപക്ഷേ അത് തന്നെയാവും അവസാനത്തേതും.   
                  അന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ നിര്‍മാല്യം തൊഴുത് പഴനിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ അങ്ങനെ ഒന്ന് എന്നെ കാത്ത് അവിടെ ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയതല്ല. പതിവായ് പഴനി മല മുരുകനെ കാണാന്‍ പോകുമ്പോള്‍ താമസിക്കാരുള്ള ലോഡ്ജായതിനാല്‍ മുറി കിട്ടാന്‍ പ്രയാസം ഉണ്ടായില്ല.   പതിവ് പോലെ ചെന്ന്  ഉച്ചയൂണ് കഴിഞ്ഞ് അല്‍പസമയം ഉറങ്ങി.4 മണിയോടെ എല്ലാവരും ഉറക്കം വിട്ട് ഉണര്‍ന്നു കുളിച്ചു റെഡി ആയി  വന്നു .
                  വൈകുന്നേരം ആയതിനാല്‍ മല കയറാന്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നു .കുറെ നേരം മല മുകളിലെ ആ അമ്പലത്തില്‍ ചുറ്റി നടന്ന ഞങ്ങള്‍ താഴേക്ക് ഇറങ്ങി . സന്ധ്യ മയങ്ങി തുടങ്ങിയതിനാല്‍ കണ്ണിന്റെ  കാഴ്ചക്കും കുറവുണ്ടായിരുന്നു . വയസ്സ് അന്പതിനോട്  അടുത്തില്ലേ . പിറ്റേന്ന്  ദര്‍ശനം കഴിഞ്ഞ് ഉച്ചയ്ക്ക് മുന്‍പ് മടങ്ങേണ്ടതിനാല്‍  സാധാരണ ഈ സമയത്താണ് സാധനങ്ങള്‍ വാങ്ങാറ്.കുട്ടികള്‍ക്കുള്ളത് ഓരോന്നായി വാങ്ങുന്നതിനിടയിലാണ് അവിചാരിതമായ് എന്റെ കണ്ണ് ഒരു പെണ്‍കുട്ടിയില്‍ ഉടക്കിയത്. നല്ല ഭംഗിയുള്ള സുന്ദരിക്കുട്ടി. അപ്പോഴാണ്‌ അവളുടെ പുറകില്‍ നില്‍ക്കുന്ന ഏകദേശം 19 വയസ്സ് വരുന്ന ആ പയ്യനെ ഞാന്‍ ശ്രദ്ധിച്ചത് .ഇരുനിറം.കയ്യില്‍ ഒരു കെട്ടു മയില്‍‌പീലി . അവന്റെ മുഖത്തെ അത് ഭാഗികമായ് മറച്ചിരുന്നു .  അനിയത്തിയുമായ്  സംസാരിച്ച് വന്ന  അവന്റെ കണ്ണുകളും എന്നില്‍ ഉടക്കിയത് ഞാന്‍ കണ്ടു.എന്‍റെ  കണ്ണിന്റെ കാഴ്ച എന്നെ പരിമിത പെടുതിയതിനാല്‍ അവന്റെ മുഖം വ്യക്തമായ് കാണാന്‍ എനിക്ക് കഴിഞ്ഞില്ല . എങ്കിലും എന്തോ ഒരു  പ്രത്യേകത ആ കുട്ടിയില്‍   ഞാന്‍ കണ്ടു. പിന്നീടു മുന്നിലും പിന്നിലുമായി കുറെ നേരം ഞങ്ങള്‍ തമ്മില്‍ കണ്ടുകൊന്ടെയിരുന്നു. എങ്ങിലൊന്നും ഒരിക്കല്‍ പോലും അവന്റെ മുഖം വ്യക്തമായി ഞാന്‍ കണ്ടില്ല. ഇടക്കെപ്പോഴോ അവന്‍ എന്റെ കണ്ണില്‍ നിന്ന് മറഞ്ഞു  .
                     തിരികെ ലോഡ്ജില്‍ എത്തിയപ്പോള്‍ ഏകദേശം 10 മണി ആയിരുന്നു . മുറിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അടുത്ത മുറിയില്‍ നിന്നും ഒരു  പെണ്‍കുട്ടിയുടെ കൊലുസ്സിന്റെ കിലുക്കം പോലുള്ള ചിരി കേട്ടു . വെറുതെ ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ അത് അവള്‍ തന്നെ ആയിരുന്നു. നേരത്തെ വഴിയില്‍വെച്ചുകണ്ട  അതെ പെണ്‍കുട്ടി. അവള്‍ എന്നെ ശ്രദ്ധിക്കുന്നേ  ഇല്ല. എന്നാല്‍  അല്പം അകലെ ഇരുന്ന ആ പയ്യന്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.  പക്ഷേ അപ്പോഴും അവന്റെ കയ്യില്‍ ആ മയില്‍ പീലി കെട്ടുണ്ടായിരുന്നു .ഞാന്‍ തിരികെ മുറിയിലേക്ക് പോയി.
                      ഉറങ്ങാന്‍ കിടന്നപ്പോഴും വെറുതെ ചിന്തിച്ചു. അവനെ എവിടെയോ കണ്ടു മറന്നത് പോലെ .. എന്റെ മക്കളുടെ പ്രായം പോലുമില്ല അവന് . സ്വന്തം മോനെ പോലെ ഒരു അടുപ്പം. അല്ലെങ്കില്‍ വേണ്ടപ്പെട്ട ആരുടെയോ മകനെപ്പോലെ ..27 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ സമ്പാതിച്ച ശിഷ്യഗണങ്ങളില്‍   ആ മുഖം തിരഞ്ഞ് എപ്പോഴോ ഉറക്കത്തിലേക്ക്  വഴുതിവീണിരുന്നു.സ്വപ്നങ്ങളില്‍ എപ്പോഴോ അവ്യക്തമായ അവന്റെ മുഖം മിന്നിമാഞ്ഞു പോയി ..
                       പിറ്റേന്ന്  നേരം പുലരും മുന്‍പ് തന്നെ എഴുന്നേറ്റ്  കുളി കഴിഞ്ഞ്  എല്ലാവരും അമ്പലത്തില്‍ പോയി . അവിടെ ചെന്ന് തൊഴുത് പ്രസാദവും വാങ്ങി മടങ്ങവേ  എന്തോ ഒരു അസ്വസ്ഥത മനസ്സില്‍  കടന്നുകൂടി. കാരണം  എന്തെന്ന് അറിയാതെ വെറുതെ തിരഞ്ഞുകൊണ്ടിരുന്നു . സമയം 9 മണി അകുന്നതെ ഉള്ളു. മുറിയിലെത്തി വസ്ത്രം മാറി പ്രാതല്‍ കഴിക്കുവാനായി താഴേക്ക്‌ ചെന്നു . ചായ കുടിച്ചു തുടങ്ങിയപ്പോഴാണ് എതിര്‍വശത്തെ മേശയില്‍ ആ പെണ്‍കുട്ടിയെ കണ്ടത്.അരികില്‍ അവനും അമ്മയും. അപ്പോഴും അവന്റെ കയ്യില്‍ ഒത്തിരി മയില്‍പീലികള്‍ ഉണ്ടായിരുന്നു .അമ്പലത്തില്‍ നിന്നും മടങ്ങി വരും വഴി ആയിരിക്കും അവരും എന്ന് മനസ്സില്‍ ഊഹിച്ചു .അവന്‍ എന്നെ  നേരത്തെ തന്നെ കണ്ടിരുന്നു എന്ന്  തോന്നുന്നു . ചുണ്ടില്‍  നേര്‍ത്ത ഒരു  ചിരി ഉണ്ടായിരുന്നോ.. ? അറിയില്ല .. അവര്‍ ഞങ്ങളെക്കാള്‍ മുന്‍പേ മുറിയിലേക്ക് പോയി . 

                       ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞ് മുറിയില്‍ ചെന്ന് തിരികെ വീട്ടിലേക്ക്  പോരുവാനുള്ള പാക്കിംഗ് തുടങ്ങി . ഇടയ്ക്ക് വാതിലില്‍ ആരോ മുട്ടിയപ്പോള്‍ ഞാനാണ് ചെന്ന് വാതില്‍ തുറന്നത്. പുറത്തും ഇടനാഴിയിലും ആരെയും കണ്ടില്ല .പക്ഷേ ആ വാതിലില്‍ എനിക്കായ് ഒരു അത്ഭുതം ഉണ്ടായിരുന്നു.  "3 മയില്‍പീലിയും ഒരു കുറിപ്പും ".

         "എന്‍റെ അമ്മയെപ്പോലെ തോന്നിയ ഈ അമ്മയ്ക്ക് ... സ്നേഹാദരങ്ങളോടെ ഹരി" 
എന്തിനെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞു . ഞാനറിയാതെ എന്‍റെ പാദങ്ങള്‍ എന്നെ ബാല്‍ക്കണിയിലെക്ക് നയിച്ചു  ബാല്‍ക്കണിയില്‍ ചെന്ന് താഴേക്ക് നോക്കിയപ്പോള്‍ ഒരു വാഹനം  മെല്ലെ  നീങ്ങി തുടങ്ങുന്നു .അതില്‍ നിന്നും കാറ്റിലാടുന്ന ഒരുപാട് മയില്‍പ്പീലികള്‍ക്ക് ഒപ്പം ഒരു കയ്യും എനിക്കുനേരെ വീശുന്നുണ്ടായിരുന്നു ....