Pages

Friday, February 7, 2014

കഥയിലെ രാജകുമാരി



          സ്വകാര്യ ആശുപത്രിയുടെ ഡിസ്പെൻസറിക്ക് മുന്നിൽ മരുന്നിനായി എന്നെപ്പോലെ ഒരുപാടുപേർ . ഇന്നെന്താണാവോ ഇത്ര തിരക്ക്. മോനാണെങ്കിൽ കുറുമ്പ് കാട്ടി തുടങ്ങി . ഇനി അടങ്ങിയിരിക്കില്ല . വേഗം മരുന്ന് കിട്ടണേ എന്ന് പ്രാർത്ഥിച്ചു കാത്തിരുപ്പ് തുടർന്നു. അപ്പോളാണ് അരുകിലുരുന്ന പ്രായമായ ഒരു സ്ത്രീക്ക് തലകറക്കം ഉണ്ടായത് . മോനുവേണ്ടി കരുതിയ വെള്ളം കയ്യിലുണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് ഞാൻ അത് അവർക്ക് നല്കി . ആശ്വാസത്തോടെ അത് കുടിച്ചു എഴുന്നേറ്റ അവരുടെ മുഖം ഞാൻ ശ്രദ്ധിച്ചു . എന്തൊക്കയോ സങ്കടങ്ങൾ ആ ഹൃദയത്തെ ചൂഴ്ന്നു നില്ക്കുന്നത് ഞാനറിഞ്ഞു . കരഞ്ഞു കണ്ണീർ വറ്റി വരണ്ടുപോയ കണ്ണുകൾ ..എൻറെ മോൻ ആ സ്ത്രീയെ അമ്മമ്മ അമ്മമ്മ എന്ന് വിളിച്ചതും ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു..  "എന്റെ മോൻ ഉണ്ടായിരുന്നെങ്കിൽ .... " അവർ വ്യസനത്തോടെ പറഞ്ഞുനിർത്തി . "അമ്മയുടെ മോൻ എവിടെയാ ?" അണപൊട്ടി ഒഴുകിയ കണ്ണുനീരായിരുന്നു അതിനുള്ള മറുപടി ... ആ അമ്മ അവരുടെ മകനെ കുറിച്ച് എന്നോട് പറഞ്ഞു തുടങ്ങി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അവരുടെ കഥ .

           അവർക്ക് ഒരേയൊരു മകനായിരുന്നു കിരണ്‍  . ജാതകതിലൂടെ ദൈവം അവനു കുറിച്ച ആയുസ്സിന്റെ പരിമിതി അറിഞ്ഞു മനസ്സ് പിടഞ്ഞെങ്കിലും പിന്നീടുള്ള നാളുകൾ അവന്റെ സന്തോഷത്തിനായി മാത്രം ഉള്ളതായിരുന്നു . ലാളനകൾ ഒരിക്കലും അവനെ മോശക്കാരൻ ആക്കിയതെ ഇല്ല . വീട്ടിലും നാട്ടിലും അവൻ ഒരുപോലെ പ്രിയപ്പെട്ടവൻ ആയിരുന്നു . അവൻറെ ഓരോ പിറന്നാൾ കഴിയുമ്പോഴും ആ അമ്മയുടെയും അച്ഛന്റെയും മനസ്സ് കനൽ കോരിയിട്ട അവസ്ഥയിൽ വെന്തുരുകി കൊണ്ടേയിരുന്നു . അവനുവേണ്ടി അവൻ കാണാതെ കരഞ്ഞു പ്രാർഥിച്ചു കൊണ്ടേയിരുന്നു . . വർഷങ്ങൾ  അവർക്ക് ആശ്വാസമേകി കടന്നുപോയി .

           ഒടുവിൽ അവരുടെ പ്രാർഥനകളുടെയും സ്വപ്നങ്ങളുടെയും മേൽ കരിനിഴൽ വീഴ്ത്തിയ ആ ദിവസം വന്നെത്തി. വീടിനു മുന്നിൽ സംസാരിച്ചുനിന്ന അവനെ നിയന്ത്രണം വിട്ടുവന്ന ഒരു വാഹനം ഇടിച്ചുവീഴ്ത്തി . അതും അവനുവേണ്ടി കരഞ്ഞു കണ്ണീരൊഴുക്കി പ്രാർഥിച്ചു കഴിഞ്ഞ ആ അച്ഛന്റെയും അമ്മയുടെയും മുന്നിൽ .ആ കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി മരണം അവനെ കൊണ്ടുപോയി . ഏക മകനെ നഷ്ടമായ ആ അമ്മ മാനസിക നില തെറ്റി ഒരുപാടുനാൾ ചികിത്സയിൽ കഴിഞ്ഞു . അച്ഛനും അവൻ പോയതോടെ ആകെ തളർന്നു . 12 വർഷമായ്  ആർക്കുവേണ്ടി എന്നറിയാതെ ജീവിതത്തിന്റെ ഓരോ നിമിഷവും തള്ളി നീക്കുന്നു . അതിലും ക്രൂരമായിരുന്നില്ലേ സ്വന്തം മകന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള 24  വർഷങ്ങൾ  .

           "ആരാ ലക്ഷ്മിയമ്മ ? " ഡിസ്പെൻസറി യിലെ സ്ത്രീയുടെ ചോദ്യം അവരെ ഓർമകളിൽ നിന്നുണർത്തി . എന്റെ നേരെ നോവിന്റെ ഉപ്പു കലർന്ന ഒരു ചിരി നൽകി അവർ അങ്ങോട്ട് നീങ്ങി . ഒരു സ്വപ്നത്തിലെന്നവണ്ണം ഞാൻ അവരെ നോക്കിയിരുന്നു . ഈ അമ്മ എന്നോട് പറഞ്ഞത് അവരുടെ കഥയാണ്‌ . എങ്കിലും അമ്മ പറയാത്ത ഒന്നുണ്ട് ... മരണം കിരണിന്റെ ജീവനെ കവർന്ന് എടുത്തില്ലായിരുന്നു എങ്കിൽ ഞാനാകുമായിരുന്നു അമ്മ പറഞ്ഞ ഈ കഥയിലെ നായിക .അമ്മ കണ്ടിട്ടില്ലാത്ത എങ്കിലും അമ്മ ഒരുപാട് സ്നേഹിച്ച അതെ നായിക .. നെറ്റിയിൽ സിന്ദൂരം ചാർത്തി കയ്യിൽ നിലവിളക്കുമായ് ഈ അമ്മയുടെ കൈ പിടിച്ച് വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറിച്ചെല്ലാൻ ഒരിക്കൽ ഒരുപാട് കൊതിച്ചതാണ് .എല്ലാം ഒരു നിമിഷത്തിന്റെ അശ്രദ്ധയിൽ ആരൊക്കയൊ തട്ടിയെറിഞ്ഞു . അമ്മയുടെ മകനായി എന്റെ കിരണിനായ് ഞാനൊഴുക്കിയ കണ്ണുനീർ ഒരിക്കലും ആരും കണ്ടിരുന്നില്ല . ആരെന്ന് അറിഞിരുന്നില്ലെങ്കിലും അമ്മയുടെ വീഴ്ചയിൽ ഒരു കൈതാങ്ങാവാൻ ദൈവം എന്നെ ഇവിടെ എത്തിച്ചതാവാം . എനിക്കറിയാം കിരണ്‍ നീയിപ്പോൾ ചിരിക്കുന്നുണ്ടാവാം .
ഒരുപാട് സ്നേഹിച്ചവർ തമ്മിലറിയാതെ ഒരേ കഥ പറയുന്നു .
.ഹൃദയം പിടയുന്ന നോവിൽ കണ്ണുകൾ ഇറുക്കി അടച്ചു.... എങ്കിലും ഒരായിരം ബലിക്കാക്കകളായ് ഓർമ്മകൾ മനസ്സിൽ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു ...



No comments:

Post a Comment