Pages

Thursday, June 6, 2013

യുക്തിവാദി

             അയാൾ തികഞ്ഞ ഒരു യുക്തിവാദിയാണ് . ലോകത്തിൽ നടക്കുന്ന എന്തിനെയും ശാസ്ത്രീയമായ് മാത്രം സമർധിക്കുന്ന ആൾ .അയാൾക്ക് ദൈവങ്ങളിൽ വിശ്വാസം തീരെ ഇല്ല .അയാളെന്നും അയാളുടെ ധൈര്യത്തിൽ വിശ്വസിച്ചു അഭിമാനിച്ചു അതിനെ സ്വയം പുകഴ്ത്തി .

              അന്ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങിയപ്പോൾ ഒത്തിരി വൈകി . എങ്കിലും അയാൾ ആ യക്ഷിക്കാവിനു അടുത്തുകൂടെയുള്ള വഴിയിൽ തന്നെ വരുവാൻ തീരുമാനിച്ചു. അതിനു പിന്നിൽ മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു . നാളെ ഈ നാട്ടുകാർക്ക് മുന്നിൽ തന്റെ ധൈര്യം വർണിക്കാൻ ഒരവസരം കൂടെ കിട്ടുമല്ലോ എന്നാ സന്തോഷം .അങ്ങനെ ഓരോന്ന് ചിന്തിച് അയാള് തന്റെ പഴയ സൈക്കിളിൽ പതിയെ നീങ്ങി .കാവിനു അടുത്തെത്തിയതും വളരെ അപ്രതീക്ഷിതമായ് അത് സംഭവിച്ചു . ഒരു വലിയ ശബ്ദത്തോടെ സൈക്കിളിന്റെ ടയർ പൊട്ടി . ഇനി എന്ത് ചെയ്യാൻ ഇറങ്ങി തള്ളുക തന്നെ . സൈക്കിൾ തള്ളി കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഒരു സംശയം .ഒരു കൊലുസ്സിന്റെ കിലുക്കം കേൾക്കുന്നില്ലേ . ഉണ്ട് കേൾക്കുന്നുണ്ട് . അയാൾ നിന്നു . പതിയെ തിരിഞ്ഞുനോക്കി . ഇല്ല പിന്നിൽ ആരുമില്ല .പക്ഷെ ഇപ്പോൾ കൊലുസ്സിന്റെ ശബ്ദവും നിലച്ചു. അയാളുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റിതുടങ്ങി . അറിയാതെ ഒരു വിറയൽ ശരീരത്തെ മുഴുവൻ ബാധിച്ചു . നടപ്പിന്റെ വേഗം കൂടി. കൊലുസ്സിന്റെ ശബ്ദവും കൂടിവരുന്നു . അത് തന്റെ കൂടെ തന്നെയുണ്ട് . ആ  കൊടിയ തണുപ്പിലും അയാൾ വിയർത്തു . ഏതോ വിധത്തിൽ അയാൾ വീട്ടിലെത്തി . ആരോടും ഒന്നും പറയാതെ അയാൾ ഉറങ്ങാൻ കിടന്നു.

                          പിറ്റേന്ന് ഉറക്കമുണർന്ന ഭാര്യ കണ്ടത് എങ്ങോ പോകാനായ് ഒരുങ്ങി ഇറങ്ങുന്ന ഭർത്താവിനെയാണ്. എങ്ങോട്ടാ നിങ്ങളിത്ര രാവിലെ എന്ന ഭാര്യയുടെ ചോദ്യത്തിന് പതറാതെ അയാൾ ഉത്തരം നല്കി."അമ്പലത്തിലേക്ക് ". അയാളുടെ മാറ്റം കണ്ട ഭാര്യക്ക് അത്ഭുതം .അമ്പലനടയിൽ തൊഴുതു നിൽക്കുന്ന അയാളെ കണ്ടപ്പോൾ നാട്ടുകാർക്ക് അതിലേറെ അത്ഭുതം . എന്തായാലും അന്നുവരെയുള്ള എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് നെറ്റിയിൽ ചന്ദനം ചാർത്തി തൊഴുകൈയോടെ അയാൾ പറഞ്ഞു  "എല്ലാം അമ്മയുടെ മായ..".

                        ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വലിയ ഒരു ആശ്വാസം. ഈയൊരു ആത്മസുഖത്തെ ആണല്ലോ ഈശ്വരാ അജ്ഞത കൊണ്ട് ഞാൻ നിന്ദിച്ചിരുന്നത് . "പൊറുക്കണേ അമ്മേ.... " അയാൾ മനസ്സിൽ പറഞ്ഞു ..
അപ്പോൾ പിന്നിൽ ഭാര്യയുടെ വിളി കേട്ടു . "ങാ വന്നോ ..പിന്നെ നിങ്ങളിന്നലെ പോയപ്പോൾ പറയാൻ മറന്നുപോയി മോളുടെ പൊട്ടിയ കൊലുസ് ഞാൻ ബാഗിൽ ഇട്ടിട്ടുണ്ട്. ഇന്ന് പോരുമ്പോൾ ഒന്ന് നന്നാക്കികൊണ്ട് പോരണം കേട്ടോ .. ".അയാളുടെ കണ്ണിൽ ഇരുട്ട് കയറി..



No comments:

Post a Comment